ഓണ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ലെന

ഓണം ആഘോഷത്തിന്റെ നാളുകളാണ്. മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാള്‍ ആയ ലെന ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
"മുത്തശ്ശിയുടെ വീട്ടിലാണ് അന്നും ഇന്നും ഓണം ആഘോഷിക്കുന്നത്. തിരുവോണത്തിനു 10 ദിവസം മുമ്ബ് സ്കൂളവധി തുടങ്ങും. അതുകൊണ്ട് നാട്ടിലെത്തുന്നത് ഓണക്കാലം തുടങ്ങും മുമ്ബാണ്. മണ്‍റോഡിലൂടെ പാടവരമ്ബത്തൂടെ തറവാട്ടിലേക്കെത്തുന്നത് മധുരമുള്ള ഓര്‍മ്മയാണ്. വിളവെടുപ്പു കഴിഞ്ഞ് പുതുജീവനെ വരവേല്‍ക്കാന്‍ നില്‍ക്കുന്ന പാടം പ്രകൃതിയില്‍ സൗന്ദര്യം നിറയ്ക്കും. അന്നൊക്കെ മാവേലി വരുന്നതും വീട്ടിലേക്ക് കുമ്മാട്ടി അണിഞ്ഞൊരുങ്ങി വരുന്നതുമൊക്കെ സന്തോഷം നിറയ്ക്കുന്ന ഓര്‍മ്മകളാണ്. ചാണകം മെഴുകിയിട്ട് ഇതളായിട്ടാണ് പൂക്കളമിടുന്നത്. മാറ്റുപോലെ വയ്ക്കാതെ നിലം കാണുന്ന രീതിയിലാണ് പൂക്കളമിടുന്നത്. ഒന്നാം ദിവസം ഒരു വൃത്തം എന്ന കണക്കില്‍ തിരുവോണദിവസമാകുമ്ബോഴേക്കും 10 വൃത്തം എന്ന കണക്കിലാണ് പൂക്കളമൊരുക്കുന്നത്. എല്ലാം വളരെ പാരമ്ബര്യമായിട്ടാണ് ചെയ്യുന്നത്.
എല്ലാ കറികളും ഉള്‍പ്പെടുത്തി പായസം കൂട്ടിയുള്ള സദ്യയാണ് തിരുവോണദിവസം തറവാട്ടില്‍ ഒരുക്കുന്നത്.
അവിടെയുള്ള വലിയ വിശേഷം പുലികളിയാണ്. ഓരോ സ്ഥലങ്ങളിലെ അമ്ബലങ്ങളില്‍ നിന്ന് ഇറങ്ങാറുണ്ട്. സീരയസ്സായി ഒരു മത്സരം പോലെ എടുക്കുന്ന ആഘോഷമാണത്.
തിരുവോണത്തിന്റെ പിറ്റേന്നാണ് പുലികളിറങ്ങുക. പല പ്രദേശങ്ങളിലുള്ള ആളുകളുടെ പുലിവേഷങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. അതില്‍ ഞങ്ങളുടെ നാടായ കുട്ടന്‍കുളങ്ങര വളരെ പ്രസിദ്ധമാണ്. പുലിവേഷം കെട്ടുന്നവര്‍ക്ക് കുടവയറുണ്ടാകും.

ശരീരത്തില്‍ വരയ്ക്കുന്ന ഓരോ പുള്ളിയും അസ്സല്‍ പുലിയെയാണ് ഓര്‍മ്മിപ്പിക്കുക. കുട്ടികള്‍ പുലികളെ കണ്ട് പേടിക്കാറുണ്ട്. ആ സമയത്ത് ആബാലവൃദ്ധം ജനങ്ങള്‍ റോഡില്‍ തിങ്ങിക്കൂടും. ഭയങ്കര തിരക്കും ബ്ലോക്കുമാണ്.
എനിക്കതെല്ലാം പുതുമയായിരുന്നു. ഇന്ന് ആളുകള്‍ക്ക് തിരക്ക് കൂടി. അതുകൊണ്ട് എല്ലാം റെഡിമെയ്ഡായിക്കിട്ടും. ആര്‍ക്കും സമയമില്ല.

എല്ലാവരും ജീവിതസാഹചര്യത്തിനനുസരിച്ച്‌ മാറി. ഓണം ഇപ്പോഴും പരമാവധി വീട്ടില്‍ ആഘോഷിക്കാറുണ്ടെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുന്നത് പഴയ ഓണക്കാലമാണ്." എന്ന് ലെന പറഞ്ഞു

Comments