200 രൂപാ നോട്ട് നാളെയെത്തും

ന്യൂഡല്‍ഹി: ഇരുന്നൂറു രൂപയുടെ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ശനിയാഴ്ച പുറത്തിറക്കും. മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളുടെ മാതൃക റിസര്‍വ്വ് ബാങ്ക് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇരുന്നൂറു രൂപയ്ക്ക് നോട്ടുകള്‍ പുറത്തിറക്കുന്നത്. 

2017 മാര്‍ച്ചിലാണ് 200 രൂപ നോട്ടുകളിറക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം എടുക്കുന്നത്.പുതിയ നോട്ടുകളുടെ അച്ചടിക്കുള്ള ഉത്തരവ് ജൂലൈയില്‍ നല്‍കി.


ആര്‍.ബി.ഐയുടെ തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളിലൂടെയും ചില ബാങ്കുകളിലൂടെയുമാകും നോട്ടുകള്‍ പുറത്തിറക്കുക.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാകും മഹാത്മാഗാന്ധി സീരിസില്‍പ്പെട്ട നോട്ടുകള്‍ പുറത്തിറക്കുക. കടും മഞ്ഞ നിറമാണ് നോട്ടിന്. മഞ്ഞരാജ്യത്തിന്റെ സംസ്കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം.


പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രധാന പദ്ധതിയായ 'സ്വച്ഛ് ഭാരതി'ന്റെ ലോഗോയും മുദ്രാവാക്യവും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, 2000 രൂപയുടെ കറന്‍സി നിരോധനം പരിഗണനയില്‍ ഇല്ലെന്ന് അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
2000 എത്തിയതോടെ ചെറിയ നോട്ടുകള്‍ക്ക് ക്ഷമമുണ്ടെന്ന പരാതിക്ക് പരിഹാരമായാണ് 200 ന്റെ നോട്ടുകള്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

Comments